Saturday, 25 June 2022

Observations on Saju Thuruthil's mural art

                    Observations on Saju Thuruthil's mural art 


ഏകദേശം 1500 വർഷങ്ങൾക്ക് മുൻപ് സംസ്കൃതത്തിൽ എഴുതപ്പെട്ട വിശ്ണൂധർമോത്തര പുരാണത്തിൻ്റെ ഭാഗമായുള്ള ചിത്രസൂത്രം എന്ന പുസ്തകമാണ് ചുമർച്ചിത്രങ്ങളെ പറ്റിയുള്ള ആധികാരിക സ്രോതസ്സ്. പുരണോതിഹാസങ്ങളിലേയും മറ്റുമുള്ള കഥാപാത്രങ്ങളുടെ രുപവ്യവസ്ഥകൾക്ക് ആധാരമായ ധ്യാനശ്ലോകങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്.

 

ഇതിൽ  ഓരോ ബിംബങ്ങളുടെ അളവ് കോലുകളെ സംബന്ധിച്ചുള്ള താലപ്രമാണം, നിറങ്ങളുടെ അർത്ഥം, അവയുടെ ഉത്പാദനവും പ്രയോഗവും മുതലായ സാങ്കേതിക വിവരങ്ങളും, ചിത്രങ്ങൾക്ക് ചിത്രകാരനുമയുള്ള ബന്ധം, ചിത്രങ്ങളുടെ ലക്ഷ്യം, കർത്തവ്യം, ആസ്വാദനം തുടങ്ങിയവയെ സംബന്ധിച്ചുള്ള തത്വങ്ങളുടെയും വിശാലമായ വിവരണങ്ങളും ഇതിൽ അടങ്ങിയരിക്കുന്നു.

 

ഇൻഡ്യയിൽ രാജസ്ഥാൻ കഴിഞ്ഞാൽ പുരാത്വപ്രധാന്യമുള്ള ചുവർചിത്രങ്ങൾ കൂടുതൽ കാണുന്ന സംസ്ഥാനം കേരളമാണ്. ചുവർചിത്ര കലാകാരൻമാർക്ക് രാജകീയമായ രക്ഷകർതൃ്വം ഉണ്ടായിരുന്ന പതിനഞ്ചാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള കാലത്താണ് കേരളത്തിൽ ചുവർചിത്രങ്ങൾ പുരാതനമായ ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും സമൃദ്ധമായി കണ്ട് വന്നിരുന്നത്. 'വർണലാവണ്യത്തിൽ അജന്താചിത്രങ്ങൾ എങ്ങനെയാണോ മുന്തിനില്കുന്നത് അത്പോലെ രേഖാചാരുതയിൽ കേരളീയ ചുവർചിത്രങ്ങൾ മികച്ചുനിൽകുന്നു' എന്ന് ഡോ. എം. ജി. ശശിഭൂഷൻ അഭിപ്രായപ്പെടുന്നുണ്ട്.

 

ചുവർചിത്രരചന എന്നത് കേരളത്തിൽ എത്രമാത്രം സിനിമ, സാഹിത്യം മുതലായ മാധ്യമങ്ങളെ അപേക്ഷിച്ച് പൊതുമണ്ഡലത്തിൽ നിന്ന് ഉൾവലിഞ്ഞാണോ നിലനിന്നത്, അത്രത്തോളം അത് വിവിധ കലാകാരന്മാരുടെ സ്വകാര്യസ്ഥലികളിൽ ഒരു പരിശീലനവഴി എന്ന നിലയിൽ ബഹുദൂരം മുന്നോട്ട് പോയിരുന്നു.

 

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോട്കൂടെ അജ്ഞാതമായ ഒരു ഭൂതകാലത്തെ പിന്നിലാക്കി കേരള മ്യൂറൽ, ചരിത്രത്തിൽ അടയാളങ്ങൾ കോറിയിടുന്നത് ഗുരുവായൂർ ദേവസ്വം ചുവർചിത്രരചന ഒരു പാഠ്യവിഷയമായി അവതരിപ്പിക്കുമ്പോഴാണ്. ക്ഷേത്രങ്ങളുടെ അകത്തളങ്ങളിൽ നിന്നും കൊട്ടാരങ്ങളുടെ മട്ടുപ്പാവുകളിൽനിന്നും പൊതുമണ്ഡലത്തിലേക്കുള്ള അതിന്റെ ബഹിർഗമനം, ഇന്ന് കാണുന്ന ആധുനിക ചുമർചിത്രരംഗത്തിന്റെ വിഭിന്നമായ ശൈലീകരണത്തിലേക്ക് നയിച്ച ഒരു പ്രധാനപ്പെട്ട വഴിത്തിരിവാണ്.

 

ആധുനിക കാലത്ത് സ്റ്റുഡിയോ പ്രക്ട്സിൻ്റെ അന്തരീക്ഷത്തിൽ കൈവന്ന പ്രധാനപെട്ട മാറ്റങ്ങളിൽ ഒന്നാണ് ചാർക്കോൾ പോലുള്ള മാധ്യമങ്ങൾ തരുന്ന പുതിയ വഴക്കങ്ങൾ. പരമ്പരാഗത ചുമർച്ചിത്രത്തിൻ്റെ രൂപപ്രമാണങ്ങൾ ശീലിച്ച കലാകാരന്, ഇങ്ങനെയൊരു മാധ്യമം ലഭിക്കുമ്പോൾ കാൻവസ്സിനുണ്ടാകുന്ന ജൈവികമായ സ്വാതന്ത്ര്യം വരയുടെ പുതിയൊരു ലോകത്തേക്കുള്ള വാതിലുകൾ തുറന്നിടുന്നുണ്ട്.

 

ഇവിടെ സാജു തുരുത്തിൽ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തീർത്തിരിക്കുന്ന സ്ത്രീരൂപങ്ങൾക്ക് അനായാസമായ ഒരു ആസ്വാദ്യതയുടെ രൂപ സാധ്യതയുണ്ട്. ഈ ചിത്രങ്ങളിൽ ആവർത്തിക്കുന്ന സങ്കേതം സ്ത്രൈണ ബിംബങ്ങളാണ്. സൂക്ഷമായ നിരീക്ഷണത്തിൽ ഇവ പരമ്പരാഗത കേരളീയ ചുമർച്ചിത്രങ്ങളിലെ പ്രാമാണികമായ സ്ത്രൈണ രൂപത്തിൽ നിന്നുള്ള ഒരു ജൈവിക പരിണാമമായി മനസ്സിലാക്കാം. പാരമ്പര്യത്തിൻ്റെയും ആധുനികതയുടേയും ഇത്തരം സമന്വയങ്ങൾ ഈ സൃഷ്ടികളുടെ പ്രത്യേകതയാണ്.

 

ഏകാകിയായ സ്ത്രീയും, സഖിമരോടൊതുള്ള സ്ത്രീയും, പക്ഷിയോടൊപ്പമുള്ള സ്ത്രീയും തുടങ്ങിയ വ്യതസ്ഥഭാവങ്ങളിൽ സ്ത്രൈണതയെ അലസമായി പൂരിപ്പിക്കാൻ ശ്രമിക്കുന്ന രേഖകളെ നമുക്ക് ഇവയിൽ കാണാം. നോട്ടം ഒരു വിശാല സ്പർഷമാകുന്ന ആസ്വാദന വേളകൾ ഈ ചിത്രരേഖകളുടെ മറ്റൊരു സവിശേഷതയാണ്.

 

ചുമർ ചിത്രങ്ങളിൽ മാത്രം ജീവിതത്തിൽ ഉടനീളം പ്രത്യേകഭ്യാസം ചെയ്തിരുന്ന മുൻകാലങ്ങളിലെ പൂർവികരെ പോലെയല്ല, ഇന്നത്തെ സാമൂഹിക വ്യവഹാരത്തിൻ്റെ ഭാഗമായ കലാകാരന്മാരുടെ സൃഷ്ടിപരിസരം. ആധുനിക കലാവിദ്യാഭ്യാസം, പാശ്ചാത്യ പൗരസ്യ കലാചരിത്രത്തെയും സൗന്ദര്യ ശാസ്ത്രത്തെ പറ്റിയുള്ള ബോധം, അക്രിലിക്, എണ്ണ ചായം, ജലചായം തുടങ്ങിയ മാധ്യമങ്ങളുടെ ലഭ്യത, സാങ്കേതിക ജ്ഞാനം എന്നിവ ഒരുക്കിയ പുതിയ വിനിമയ സാധ്യതകളാൽ തീർത്തും വിഭിന്നവും വ്യത്യസ്തവുമാണ് ഇന്നത്തെ കലാകാരൻ്റെ ആശയലോകം.

 

ഇതിനാൽ തന്നെ, ധ്യാന ശ്ലോകങ്ങളെ ഉപാസ്സിക്കുമ്പോഴും ഇവിടെ കലകൃത്തിൻ്റെ സഞ്ചിതമായ ബോധം എപോഴും സമകാലികതയുടെ ഈടുവയ്പുകളിൽ നിന്നുള്ള കൊടുക്കൽ വാങ്ങലുകളിൽ വ്യാപിതമാണ്. സാജു തുരുത്തിൽ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ സമകാലിക കലയിൽ  ഇടപെട്ടുകൊണ്ടിരിക്കുന്നത് ഈ ചിത്രങ്ങളിലൂടെ വ്യക്തമാണ്.

 

'ശ്രീചക്ര കുണ്ഡലിനി' എന്ന് അദ്ദേഹം പേരിട്ടിരിക്കുന്ന ചിത്രം ഇതിൻ്റെ ഉത്തോമോധഹരണമാണ്. താന്ത്രിക പ്രകൃതത്തിൽ ഉള്ള ചിത്രങ്ങൾ ചുമർച്ചിത്രകാരൻ്റെ ഭാവനയ്ക്കും വർണ്ണ വിന്യാസത്തിൻ്റെ ശീലങ്ങൾക്കും മറ്റാരേക്കാളും ചേർന്നുനിൽക്കുന്നവയാണ് എന്നുള്ളത് ഒരു വസ്തുതയാണ്. പഞ്ചഭൂതങ്ങൾ, ഷടാധാരങ്ങൾ എന്നിവ ശ്രീചക്രരൂപത്തിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. മൂലധാര ചക്രത്തിൽ നിന്നും കുണ്ഡലിനി ശക്തി ഓരോ ചക്രങ്ങളും ഭേദിച്ച് സഹസ്രദളപത്മത്തിൽ ലയിക്കുമ്പോൾ ഉള്ള യോഗാനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയം.

 

'കൃഷ്ണ കേളി എന്ന ചിത്രം ആധുനിക - പാരമ്പര്യ സമ്മേളനത്തിൻ്റെ മറ്റൊരു ഉദാഹരണമാണ്. തികച്ചും ധ്യാന ശ്ലോകാസ്പദമായ അംഗലാവണ്യത്തിൽ വരച്ചിരിക്കുന്ന പുല്ലാങ്കുഴൽ ധാരിയായ കൃഷ്ണനും ഗോപികമാരും സംഗീതം പൊഴിക്കുന്നു, എന്നാൽ പശ്ചാത്തലത്തിൽ നാം കാണുന്ന വൃക്ഷം വളരെ യാഥാസ്ഥിക ശൈലിയിൽ വരചിരിക്കുന്നത് കാണാം. പരമ്പരാഗത ശൈലിയിൽ നിഭിഡമായ ചിത്രത്തിൻ്റെ പൂർവതലത്തിൽ നിന്നും പുറകിലേക്ക് പോകുന്ന വൃക്ഷമാകട്ടെ വളരെ വ്യത്യസ്തമായ ഒരു ഉണ്മയെ കാണിക്കുന്നു. അതിൽ വിഹരിക്കുന്ന പക്ഷിമൃഗാദികളും ആധുനിക ഭാവുകത്വം വിളിച്ചോതുന്നതാണ്. ചിത്ര പ്രതലത്തിന് ലംബമായി പോകുന്ന ഈ ശൈലീപരമായ പരിണാമം ചുമർച്ചിത്രകലയുടെ ആധുനീകരണത്തെ രേഖപെടുത്താവുന്ന പ്രായോഗികമായ ഒരു നിമിഷം കൂടിയാണ്.

 

വൈക്കം മുഹമ്മദ് ബഷീറിൻ്റെ കാലാതീതമായ പാത്തുമ്മയുടെ ആട് എന്ന നോവൽ ആസ്പദമാക്കിയുള്ള അക്രിലിക് ചിത്രം ശ്രദ്ധേയമായ മറ്റൊരു സൃഷ്ടിയാണ്. ഇതിൽ പാത്തുമ്മയെ ചുറ്റി വളഞ്ഞ് വരുന്ന ആടിനെ ഒരൊറ്റ രേഖയിലൂടെ ത്രിമാനത കൊണ്ട് വരുന്നത് വളരെ രസകരമായ ഒരു ദൃശ്യാനുഭവം ആണ്. എന്നാൽ ചടുലമായ ഈ രേഖകൾക്ക് പുറകിൽ ചുമർച്ചിത്രശൈലിയുടെ ഉപബോധ സ്മരണയെന്നോണം ചുരുണ്ടുപോകുന്ന മേഘങ്ങളും കാണാം. ശൈലികളുടെ ഈ ഇഴയടുപ്പം സമകാലീന വിഷയങ്ങൾ വരയ്ക്കുന്ന സന്ദർഭത്തിലാകമാനം നമുക്ക് കാണാനാവും.

 

ധ്യാനശ്ലോകങ്ങളുടെ പൊരുൾ ഉൾകൊണ്ട് കൊണ്ട് ഒരു ചുമർച്ചിത്ര ശൈലിയിൽ വ്യക്തിപരമായ ദൃശ്യ ഭാഷ ഉണ്ടാവുക എന്നത് വളരെ കാലത്തെ സാധന കൊണ്ട് ഒരു കലാകാരന് കൈവരുന്ന പാകതയാണ് എന്നതിൽ സംശയമില്ല. വിവിധ വർണരാജികളിലുള്ള നിറവിന്യാസം,

രേഖകളുടെ താളാത്മകമായ ഒഴുക്ക്, ദൂരകാഴ്ചയെ വേണ്ടവിധം ദ്യോതിപ്പിക്കുന്ന തരത്തിലുള്ള രൂപങ്ങളുടെ ചിത്രപ്രതലത്തിലുള്ള ക്രമീകരണം എന്നിവ ഒത്തുചേരുമ്പോഴാണ് ഒരു ചിത്രം ഇന്ദ്രിയാനുഭൂതിയുടെ ഇനിയുമറിയാത്ത തലങ്ങളിലേക്ക് കാഴ്ചക്കാരനെ അല്ലെങ്കിൽ കാഴ്ചക്കാരിയെ കൂട്ടിക്കൊണ്ടു പോവുക. ഇതിന് നാം ഏകാഗ്രമായി കാഴ്ചാശീലത്തെ പരിപോശിപ്പിക്കേണ്ടതുമുണ്ട്.

 

രാമായണം, മുഗൾ ചരിത്രം എന്നിവയുടെ ക്രമാനുഗതമായ ചരിത്ര മുഹൂർത്തങ്ങൾ ചുരുട്ടി സൂക്ഷിക്കാനാവുന്ന scroll രീതിയിൽ ചുമർച്ചിത്ര ശൈലിയിൽ വരച്ചിരിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ ഉദ്ധ്യമമാകും. ഏകദേശം 24,000 ശ്ലോകങ്ങളുള്ള ഈ ഇതിഹാസ ചരിതത്തിൻ്റെ ബാല കാണ്ഡം മുതൽ ഉത്തര കാണ്ഡം വരെയുള്ള ഭാഗങ്ങൾ വളരെ സൂക്ഷ്മമായി ചിത്രരൂപത്തിലേക്ക് മൊഴിമാറ്റം വരുത്തുക എന്നത് ഭീമാകാരമായ ഒരു കൃത്യം തന്നെയാണ്. രാമ ലക്ഷ്മണൻ മാരുടെ വീരേതിഹാസങ്ങളും, സീതപാഹാരം, ലങ്കാ ദഹനം തുടങ്ങി നാടകീയമായ ഓരോ, കഥാസന്ദർഭങ്ങളെയും അതിലെ കഥാപാത്രങ്ങളെയും അതിൻ്റെ ഭാവ തീവ്രത ഉൾകൊണ്ട് കൊണ്ട് കലാകാരൻ പുനർ വിന്യസിച്ചിരിക്കുന്നു. നിറങ്ങളുടെ സമ്പന്നത കൊണ്ടും, രേഖകളുടെ സൂക്ഷ്മത കൊണ്ടും സമ്പന്നമായ ഈ ചിത്ര ചുരുൾ, ഇതിഹാസ ചരിത്രത്തിൻ്റെ വിവിധ മുഹൂർത്തങ്ങളിലൂടെ കാണികളെ കൂട്ടി കൊണ്ട് പോകുന്ന വിവരണാതീതമായ അനുഭവമാണ്.

 

അത് പോലെ പ്രധാനപെട്ട മറ്റൊരു രചനയാണ് scroll രൂപത്തിലുള്ള മുഗൾ സാമ്രാജ്യ ചരിത്രം. പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധമായ പാനിപറ്റ് യുദ്ധത്തിലൂടെ ലോധി സാമ്രാജ്യത്തിൻ്റെ അന്ത്യത്തോടെ ബാബർ തുടങ്ങിവച്ച നൂറ്റാണ്ടുകൾ നീണ്ട സംഭവബഹുലമായ ചരിത്രത്തിൻ്റെ ചിത്രാവിഷ്കാരമാണ് ഈ രചന. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ്, ബഹദുർ ശാഹ് എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ ആയ അക്ബർ നാമ, ജഹാംഗീർ നാമ തുടങ്ങിയ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ വരചിരിക്കുന്നവയാണ് ഇതിലെ ഏഡുകൾ. മുഗൾ മിനിയേചർ ഇന്ത്യൻ ചിത്രകലയിൽ വളരെ നിർണായകമായ യഥാതഥ രീതിയിലുള്ള രചനാ സമ്പ്രദായം കൊണ്ട് വന്നിട്ടുള്ളത് നമുക്കറിയാം. എന്നാൽ കേരള ചുമർചിത്ര ശൈലിയുടെ ആലങ്കാരികവും ഭാവോദ്ധീപവുമായ ചിത്രണരീതി ഉൾകൊണ്ട്കൊണ്ടുള്ള ഈ ഉദ്യമം പലതലത്തിൽ സമകാലിക പ്രസക്തിയുണർത്തുന്നതാണ്.

 

സാജു തുരുത്തിൽ എന്ന കലാകാരൻ്റെ സൃഷ്ടികൾ ഭൂതകാലത്തിൻ്റെ ഭാവുകത്വങ്ങൾ ഉൾകൊള്ളുന്നവയും, സമകാലിക പശ്ചാത്തലത്തിൽനിന്ന് ഉരിതിരിഞ്ഞവയും, ഭാവിയിലേക്കുള്ള ചുമർചിത്രകലയുടെ യാത്രയെ അടയാളപ്പെടുത്തുന്നവയുമാണ്. ഇന്ന് ചുമർച്ചിത്രം സർവകലാശാല തലത്തിൽ ഒരു പാഠ്യപദ്ധതിയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ മടിത്തട്ടിൽ വരെ ഈ ശൈലി പരീക്ഷിക്കപെടുന്നു. ഒരു നൂറ്റാണ്ടിനപ്പുറം കേരള ചുമർചിത്രം എങ്ങനെയായിരിക്കും എന്ന് പ്രവചിക്കാനുമാവില്ല. പക്ഷേ ഉത്തമമായ കലാ സൃഷ്ടികൾ കാലത്തെ അതിജീവിക്കും എന്നതിന് ചരിത്രം സാക്ഷിയാണ്. കലാ ശൈലികളുടെ അന്തസത്ത ഇത്തരം സൃഷ്ടികളിലൂടെ ജൈവികമായ പരിണാമദിശകൾ താണ്ടി മുന്നേറുകതന്നെചെയ്യും.

 

-Shafi S

06-06-2022